
രാജ്യത്തിന്റെ 80-)o സ്വാതന്ത്യ്ര ദിനാഘോഷങ്ങളുടെ ഭാഗമായി കേരള മർച്ചന്റ്‌സ് ചേമ്പർ ഓഫ് കൊമേഴ്‌സ് (KMCC) യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സ്വാന്ത്ര്യ ദിനത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എറണാകുളം ബസാറിലെ വ്യാപാരികളും, ജീവനക്കാരും വിവിധ മേഖലകളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരും യൂത്ത് വിംഗ് അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
“രക്തം നൽകാം- ജീവൻ രക്ഷിക്കാം” എന്ന മഹത്തായ സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പ് മറൈൻ ഡ്രൈവിലെ അലയൻസ് റെസിഡൻസിയിലെ കെ.എം.സി.സി കോൺഫറൻസ് ഹാളിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എം.എം.ഹനീഷ് ഉദ്ഘാടനം ചെയ്തു. അത്യാവശ്യ ഘട്ടങ്ങളിൽ ഒരു തുള്ളി രക്തം പോലും ഒരു മനുഷ്യ ജീവന് പ്രതീക്ഷയും ജീവിതവും നൽകാൻ ഉപകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ.എം.എം.ഹനീഷ് പറഞ്ഞു. സമൂഹത്തിന്റെ നന്മക്കായി സ്വന്തം സമയം മാറ്റി വെച്ച് രക്തദാനത്തിന് മുന്നോട്ട് വന്ന വ്യാപാരികളുടെയും, ജീവനക്കാരുടെയും, സന്നദ്ധ പ്രവർത്തകരുടെയും സേവനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യാപാര സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നല്കുന്നതിനുമുള്ള കെ.എം.സി.സി. യൂത്ത് വിംഗിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. “നമ്മൾ നൽകുന്ന രക്തം ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമായി മാറാം” എന്ന സന്ദേശമാണ് ക്യാമ്പിലൂടെ കെ.എം.സി.സി യൂത്ത് വിംഗ് സമൂഹത്തിന് മുന്നിൽ ഉയർത്തിയത്.
കെ.എം.സി.സി യൂത്ത് വിംഗ് പ്രസിഡന്റ് ബിനിൽ തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജയന്ത് ആർ. പൈ സ്വാഗതം ആശംസിച്ചു. കെ.എം.സി.സി. വൈസ് പ്രസിഡന്റ് ആർ.രവീന്ദ്രൻ, ജനറൽ സെക്രട്ടറി വി.ഇ.അൻവർ, ട്രഷറർ ജി.ഗോപാല ഷേണായി, മുൻ പ്രസിഡന്റ് ജി.കാർത്തികേയൻ, വിമൻസ് വിംഗ് പ്രസിഡന്റ് സൗമിനി ജെയിൻ എന്നിവർ ആശംസകൾ നേർന്നു. യൂത്ത് വിംഗ് ട്രഷറർ ജെറി ജോസഫ് നന്ദി പറഞ്ഞു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് IMA യുടെ മെഡിക്കൽ സംഘവും സ്റ്റാഫും വിലപ്പെട്ട സഹകരണം നൽകി. കെ.എം.സി.സി ഭാരവാഹികളും, ഭരണസമിതിയംഗങ്ങളും ക്യാമ്പിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.
Photo Courtesy - Google









